ബജറ്റ് സമ്മേളനം ബഹളമയം; നന്ദിപ്രമേയ ചർച്ച തടസപ്പെടുത്തി പ്രതിപക്ഷ പ്രതിഷേധം
Monday, February 3, 2025 2:11 PM IST
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. കുംഭമേളയിലെ ദുരന്തം, കേന്ദ്രമന്ത്രി അമിത് ഷാ, അംബേദ്കറെ അപമാനിച്ച വിഷയം, സുരേഷ് ഗോപിയുടെ ദലിത് വിരുദ്ധ പ്രസ്താവന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
രാജ്യസഭയിൽ സുരേഷ് ഗോപിയുടെ ദലിത് വിരുദ്ധ പ്രസ്താവന ചർച്ച ചെയ്യണമെന്ന സന്തോഷ് കുമാറിന്റെ ആവശ്യം അധ്യക്ഷൻ തള്ളി. വന്യമൃഗ ആക്രമണത്തിന് പരിഹാരമുണ്ടാകണമെന്ന് എ.എ റഹീം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം, സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു.