കൂത്താട്ടുകുളം നഗരസഭാ യോഗത്തില്‍ വാക്പോര്; യുഡിഎഫിനൊപ്പം പ്രതിഷേധിച്ച് കലാ രാജു
Monday, February 3, 2025 12:58 PM IST
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ യോഗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ഡയസിനു മുന്നില്‍ കുത്തിയിരുന്നും പോസ്റ്ററുകള്‍ പതിപ്പിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം. ബഹളത്തിനിടെ ചെയർപേഴ്സൺ യോഗം തുടർന്നു.
തട്ടിക്കൊണ്ടുപോകലിനിരയായ നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെതിരായ ആക്രമണം ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ നോട്ടീസിന് അനുമതി നൽകാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്.
നഗരസഭാധ്യക്ഷ കൊടുത്തത് കള്ളക്കേസാണെന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കിൽ കൗണ്‍സിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകൽ ചര്‍ച്ചയായത്.
ചര്‍ച്ചയ്ക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു. പിന്നീട് മാധ്യമങ്ങളോട് പുറത്തിറങ്ങണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതിഷേധത്തിനിടെ അജണ്ടകള്‍ മുഴുവൻ പാസാക്കുകയായിരുന്നു.
കലാ രാജുവും പ്രതിഷേധത്തില്‍ പങ്കെടുത്തു. നേരത്തേ കലാരാജു എല്‍ഡിഎഫിനെതിരേ രംഗത്തു വന്നിരുന്നു. ഇനി സിപിഎമ്മിലേക്ക് ഇല്ലെന്നാണ് കലാ രാജു പ്രതികരിച്ചത്. കൗണ്‍സിലര്‍ സ്ഥാനം തുടരുമെന്നും അവര്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കുശേഷമാണ് കൂത്താട്ടുകുളം നഗരസഭാ കൗണ്‍സില്‍ യോഗം ഇന്ന് ചേർന്നത്. യോഗത്തിന്റെ ഭാഗമായി സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി ഷാജന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
കഴിഞ്ഞ 18നാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയ ശിവനും വൈസ് ചെയര്മാന് സണ്ണി കുര്യാക്കോസിനുമെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടത്താന്‍ കൗണ്‍സില്‍ നിശ്ചയിച്ചത്. എന്നാല്‍ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോകലും സംഘര്‍ഷവും നടന്നതിനെ തുടര്‍ന്ന് വിവിധ പോലീസ് കേസുകള്‍ ഉണ്ടായി.
18ന് നടന്ന സംഭവങ്ങളില്‍ പോലീസിന് വീഴ്ചയുണ്ടായി എന്ന് എറണാകുളം റൂറല്‍ എഎസ്പി, രഹസ്യാന്വേഷണവിഭാഗം എന്നിവര്‍ കണ്ടെത്തി നടപടിക്കായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.