അങ്ങനങ്ങു പോയാലോ! റിക്കാർഡ് ഉയരത്തിൽനിന്നു താഴേക്കിറങ്ങി സ്വർണം
Monday, February 3, 2025 11:08 AM IST
കൊച്ചി: സര്‍വകാല റിക്കാര്‍ഡ് വിലയില്‍ നിന്ന് താഴേക്ക് ഇറങ്ങി സ്വർണം. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 61,640 രൂപയിലും ഗ്രാമിന് 7,705 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,365 രൂപയിലെത്തി.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. വെള്ളിയാഴ്ച പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു. ശനിയാഴ്ച 120 രൂപ വർധിച്ച് 61,960 രൂപയിലെത്തി.
ഒരു മാസത്തിനിടെ ഏകദേശം 4,800 രൂപയാണ് വര്‍ധിച്ചത്. 62,000 രൂപയെന്ന പുത്തൻ നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ ദൂരം മാത്രമുള്ളപ്പോഴാണ് ഇന്ന് സ്വര്‍ണവില തിരിച്ചിറങ്ങിയത്.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളറിന്റെ പ്രകടനവും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ജനുവരി 31ന് ഔണ്‍സിന് 2,817 ഡോളര്‍ വരെയെത്തി റിക്കാർഡിട്ട രാജ്യാന്തര സ്വര്‍ണവില 1.05 ശതമാനം ഇടിഞ്ഞ് 2,775 രൂപയിലെത്തി. വരുംദിവസങ്ങളിലും നേരിയ ഇടിവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
അതേസമയം, വെള്ളിവില ഇന്ന് കുതിച്ചുകയറി. ഗ്രാമിന് ഒറ്റയടിക്ക് മൂന്ന് രൂപ വര്‍ധിച്ച് 104 രൂപയിലെത്തി. വെള്ളിയുടെ സമീപകാലത്തെ റിക്കാർഡ് വിലയാണിത്.