മുകേഷിനെതിരായ കേസിൽ അന്വേഷണം നടക്കട്ടെ; വേവലാതി വേണ്ടെന്ന് പി.കെ.ശ്രീമതി
Monday, February 3, 2025 10:19 AM IST
കണ്ണൂർ: മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. കേസില്‍ അന്വേഷണം നടക്കട്ടെ. ആര്‍ക്കും വേവലാതി വേണ്ടെന്ന് അവർ പ്രതികരിച്ചു.
കുറ്റം ചെയ്തെന്ന് ബോധ്യപ്പെടുന്നവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹേമാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎൽഎക്കെതിരായ പീഡനപരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുകേഷിനെതിരായ പരാതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ മരട് പോലീസ് കേസെടുക്കുകയായിരുന്നു.