മാതാപിതാക്കളെ ചുട്ടുകൊന്ന കേസ്; പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും
Sunday, February 2, 2025 6:06 AM IST
ആലപ്പുഴ: സ്വത്ത് തർക്കത്തിന്റെ പേരിൽ മാതാപിതാക്കളെ ചുട്ടുകൊന്ന കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. ചെന്നിത്തല തൃപ്പെരുന്തുറ കോട്ടമുറിയിൽ കൊറ്റോട്ട് കാവിൽ രാഘവൻ (96), ഭാര്യ ഭാരതി (90) എന്നിവരാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.
സംഭവത്തിൽ ഇവരുടെ മകൻ വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുമായി മാന്നാർ പോലീസ് ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സ്വത്ത് തർക്കവും കുടുംബപ്രശ്നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു.
വിവിധ പെട്രോൾ പമ്പുകളിൽ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോൾ ഉപയോഗിച്ചാണ് ഇയാൾ വീടിന് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. പ്രതി പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്നു കടന്നുകളഞ്ഞ പ്രതിയെ സംഭവ സ്ഥലത്തിന് 300 മീറ്റർ അകലെനിന്നു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാഘവന്റെയും ഭാര്യ ഭാരതിയുടെയും സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.