ആം ആദ്മി പാർട്ടിയിൽ അമർഷം പുകയുന്നു; കൂടുതൽ എംഎൽഎമാർ രാജിവയ്ക്കുമെന്ന് സൂചന
Saturday, February 1, 2025 7:35 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി കൂടുതൽ എംഎൽഎമാർ രാജിവയ്ക്കുമെന്ന് സൂചന. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജിവച്ച എട്ട് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച എംഎൽഎമാർ.
ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം.
എന്നാൽ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.