ബസില്‍ ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റു; മധ്യവയസ്കൻ മരിച്ചു
Saturday, February 1, 2025 12:46 AM IST
തിരുവനന്തപുരം: ബസില്‍ ഉറക്കത്തിനിടെ പുറത്തേക്കിട്ട കൈയറ്റ് രക്തം വാര്‍ന്ന് മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് സംഭവം.
വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ബസിൽ ഇരുന്ന് ഉറങ്ങിയ ഇയാളുടെ കൈ അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു.
തുടർന്ന് കൈ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. കൈ പൂർണമായും അറ്റുപോയി.
എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിന് റോഡിന്റെ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് പോസ്റ്റില്‍ കൈ ഇടിച്ചത്. പിന്നാലെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.