ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
Friday, January 31, 2025 2:15 PM IST
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. പെണ്‍കുട്ടിയുടെ മാതൃസഹോദരീ പുത്രനായ പ്രതിക്കെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ തുടര്‍ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് ജില്ലാ സിഡബ്ല്യൂയുസി ചെയര്മാന് ജയശീലന്‍ പോള്‍ പറഞ്ഞു. അച്ഛന്റെയോ അമ്മയുടെയോ ഒപ്പം കഴിയാനുള്ള സാഹചര്യത്തിലല്ല പെണ്‍കുട്ടി. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുട്ടിയുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.