ബാലരാമപുരം കൊലപാതകം: ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Friday, January 31, 2025 9:55 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ പോലീസ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക.
നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മർദിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാൽ നിലവിൽ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്.
ബാലരാമപുരം കോട്ടുകാൽകോണം സ്വദേശി ശ്രീജിത്ത്-ശ്രീതു ദന്പതികളുടെ മകൾ ദേവേന്ദുവിനെ വ്യാഴാഴ്ച രാവിലെ ആറോടെയാണ് വാടകവീട്ടിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്നു കാട്ടി ശ്രീതുവും ബന്ധുക്കളും പുലർച്ചെ അഞ്ചരയോടെ ബാലരാമപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു പോലീസും ഫയർഫോഴ്സ് സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറ്റിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ശ്രീതു, ശ്രീജിത്ത് എന്നിവരെ കൂടാതെ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറും അമ്മയും ഈ വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. ശ്രീതുവിന്റെ അച്ഛൻ മരിച്ചിട്ട് പതിനാറു ദിവസം ഇന്നലെ പൂർത്തിയായി. അതിന്റെ മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ നടത്താൻ തീരുമാനിച്ചിരുന്നു.
കുടുംബാംഗങ്ങളെ എല്ലാവരെയും പോലീസ് രാവിലെ തന്നെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇവരുടെ മൊഴികൾ പരസ്പരവിരുദ്ധമായതോടെ പോലീസിന്റെ സംശയം വീട്ടുകാരിലേക്കു തിരിയുകയായിരുന്നു.
ലഹരിയുടെ സ്വാധീനത്തിലായിരുന്ന ഹരികുമാർ ആദ്യമൊക്കെ പോലീസിനോടു തട്ടിക്കയറുകയായിരുന്നു. പിന്നീടു കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മയുമായുള്ള ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
ശ്രീജിത്തും ശ്രീതുവും ഏറെനാളായി നല്ല ബന്ധത്തിലായിരുന്നില്ല. സമീപത്തെ ക്ഷേത്രത്തിലെ കഴകം ജോലിക്കാരിയാണ് ശ്രീതു. ശ്രീജിത്ത് ബാലരാമപുരത്തുള്ള സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
ശ്രീതുവും കുടുംബവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നാണ് നാട്ടുകാർ പോലീസിനോട് വ്യക്തമാക്കിയത്. ഇതേത്തുടർന്നാണ് ശ്രീജിത്ത് ശ്രീതുവുമായി അകന്നതെന്നും പോലീസ് പറഞ്ഞു.