നാളികേര ഉത്പാദനം: കേരളത്തെ പിന്തള്ളി കർണാടക മുന്നിൽ
എസ്.ആർ. സുധീർ കുമാർ
Thursday, January 30, 2025 10:41 PM IST
കൊല്ലം: നാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നാളികേര ഉത്പാദക സംസ്ഥാനമായി കർണാടക മാറി. 2016 മുതൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) 2022-23 ലെ കണക്കുകൾ പ്രകാരം കർണാടകയുടെ ഉത്പാദനം 595 കോടി നാളികേരമാണ്. തൊട്ടു പിന്നിൽ ഉള്ള കേരളത്തിന് ഇക്കാലയളവിൽ 563 കോടി നാളികേരമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളൂ.
2021-22 ൽ കേരളമായിരുന്നു മുന്നിൽ. അന്ന് സംസ്ഥാനം ഉത്പാദിപ്പിച്ചത് 552 കോടി നാളികേരമാണ്. കർണാടകയുടെ സംഭാവന 518 കോടിയുമായിരുന്നു. നാളികേരള വികസന ബോർഡ് 2023-24 ലെ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
എങ്കിലും അവരുടെ ആദ്യ രണ്ടുപാദ താത്കാലിക എസ്റ്റിമേറ്റിലും കേരളം പിന്നിലാണ്. 726 കോടി നാളികേര ഉത്പാദനവുമായി കർണാടക തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 578 കോടി ഉത്പാദനവുമായി രണ്ടാം സ്ഥാനത്ത് ഉള്ളത് തമിഴ് നാടാണ്.
564 കോടി ഉത്പാദനം മാത്രമുള്ള കേരളം മൂന്നാം സ്ഥാനത്താണ്. ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ നാളികേര ഉത്പാദത്തിന്റെ 28.5 ശതമാനവും കർണാടകത്തിന്റെ സംഭാവനയാണ്. കർണാടകയുടെ വളർച്ചയുടെ പ്രധാന കാരണം നാളികേര കൃഷിക്ക് മാത്രമായി കൂടുതൽ ഭൂമി ഉപയോഗിക്കുന്നു എന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
മാത്രമല്ല ഗ്രാമ പ്രദേശങ്ങളിൽ പോലും വാരാന്ത്യ കൃഷി ട്രെൻ്റ് ആയി മാറിയതും അവർക്ക് വലിയ നേട്ടമാണ് സമ്മാനിച്ചത്. 2018നുശേഷം കർണാടകയിലെ തുംകുരു, ഹസൻ, മാണ്ഡ്യ ജില്ലകൾ നാളികേര കൃഷിയിൽ വൻ മുന്നേറ്റമാണ് നടന്നിയത്. അവരുടെ നാളികേര കൃഷിയുടെ 80 ശതമാനത്തിൽ അധികം സംഭാവനയും ഈ മൂന്ന് ജില്ലകളിൽ നിന്നാണ്.
കർണാടകയെ മുന്നിലെത്താൻ സഹായിച്ചത് കൃഷിയുടെ ഗുണമേന്മയും കൂടിയാണ്. ചെറുപ്പക്കാർ നടത്തുന്ന കുടുംബത്തോട്ടങ്ങളും ഇവിടെ നിരവധിയാണ്. മാത്രമല്ല ഇവ മികച്ച രീതിയിൽ പരിപാലിക്കുന്നതിനും നല്ല വിളവ് നേടുന്നതിനും കാർഷിക സർവകലാശാലകളുടെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടി കൾച്ചറിന്റെയും സഹായം ഇവർ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്.
ടൂറിസം പ്രവർത്തനങ്ങളുടെ പേരിൽ തെങ്ങ് കൃഷി പിന്നാക്കം പോയതാണ് കേരളത്തിന് വലിയ തിരച്ചടി ആയതെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. കടൽ - കായലോര മേഖലകളിലെ നാളികേര കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടു. പുതിയ തലമുറയ്ക്ക് നാളികേര കൃഷിയിൽ താത്പര്യം ഇല്ലാത്തതും കേരളത്തിന് വലിയ തിരിച്ചടിയാണ്.
ആൻഡമാനും നാളികേര ഉത്പാദനത്തിൽ ഇപ്പോൾ പിന്നിലാണ്. അവരും വിനോദ സഞ്ചാര മേഖലയ്ക്ക് മുൻതൂക്കം നൽകിയപ്പോൾ നാളികേര ഉത്പാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടായി.