ദേവേന്ദുവിനെ കിണറ്റിലേക്ക് എറിഞ്ഞത് ജീവനോടെ; മൃതദേഹം സംസ്കരിച്ചു
Thursday, January 30, 2025 5:36 PM IST
തിരുവനന്തപുരം: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടര വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ജീവനോടെയാണ് കിണറ്റിലേക്ക് ഇട്ടതെന്ന് പോലീസ് വ്യക്തമാക്കി.
കുഞ്ഞ് വെള്ളത്തിൽ മുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നതാണെന്നുള്ള നിഗമനത്തിലേക്കാണു പോലീസ് എത്തുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാതായത്.
പിന്നീട് നടത്തിയ തെരച്ചിലിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ബാലരാമപുരത്തെ കുടുംബ വീട്ടില്‍ സംസ്കരിച്ചു.
അതേസമയം സംഭവത്തിൽ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേർത്തുവെന്ന് സൂചനയുണ്ട്. ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.