ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ അവശനിലയിൽ കണ്ട സംഭവം; യുവതി നേരിട്ടത് ക്രൂരപീഡനം
Thursday, January 30, 2025 12:45 PM IST
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ വീടിനുള്ളിൽ അവശനിലയിൽ കണ്ട സംഭവത്തിൽ യുവതിയുടെ നേരിട്ടത് ക്രൂരമർദനമെന്ന് പോലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ട്.
കേസിൽ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്ത ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് കുഴിപ്പുറത്ത് അനൂപി(24) നെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവാവിനെ കസ്റ്റഡിയിൽ വാങ്ങും.
ശനിയാഴ്ച രാത്രി 10.15 ഓടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.
മനോവിഷമത്തിൽ യുവതി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ പോയി ചത്തോ എന്ന് അനൂപ് ആക്രോശിചതോടെ പെണ്കുട്ടി ഫാനിൽ തൂങ്ങി. പെൺകുട്ടിയുടെ മരണവെപ്രാളംകണ്ട് അനൂപ് ഷാൾ മുറിച്ചു. താഴെ വീണ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖംഅമർത്തി പിടിച്ചു.
ഇതോടെയാണ് കുട്ടി അബോധാവസ്ഥയിലായത് നാല് മണിക്കൂറോളം വീട്ടിൽ നിന്ന അനൂപ് കുട്ടി മരിച്ചെന്നു കരുതി വീടിന്റെ പിന്നിലൂടെ രക്ഷപെട്ടുവെന്നും പോലീസ് പറഞ്ഞു. പിടിയിലായ അനൂപ് ലഹരി കേസിലടക്കം പ്രതിയാണ്.
ഞായറാഴ്ച പുലർച്ചെ നാലോടെ യുവാവ് മടങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ചോറ്റാനിക്കര കുരീക്കാടിനടുത്തുള്ള വീട്ടിലെ കിടപ്പുമുറിയിൽ അർധനഗ്നയായി 19 കാരിയായ യുവതിയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിലും കൈയിൽ മുറിവേറ്റ് ഉറുമ്പരിച്ച നിലയിലും കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീടിനടുത്തുള്ള ബന്ധു വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് ബോധരഹിതയായി കട്ടിലിൽ കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും നില ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അനൂപിന്റെ ആക്രമണം ഭയന്ന് ഒരു മാസമായി താൻ വീട് മാറി താമസിക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. തന്നെ ഉപദ്രവിക്കുമെന്ന പേടിയുമുണ്ടായിരുന്നു. ബന്ധു വഴിയാണ് മകളുടെ വിവരം അറിഞ്ഞത്.
നേരത്തെയുണ്ടായ ആക്രമണത്തിൽ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോൾ വീണ് മുറിവുണ്ടായതാണെന്നാണ് പറഞ്ഞത്. ഈ ബന്ധം അവസാനിപ്പിക്കാൻ പലപ്രാവശ്യം പറഞ്ഞു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിൽ എത്തിയിരുന്നെന്നും മാതാവ് പറഞ്ഞു. യുവതിയുടെ പിതാവ് നേരത്തെ മരിച്ചിരിന്നു.
യുവാവ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും രാത്രി 11നു ശേഷം ഇതുവഴി പരിസരവാസികൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഇവിടെയുള്ള 20 ഓളം വീട്ടുകാർ മാസ് പെറ്റീഷൻ തയാറാക്കി ഒരു മാസം മുന്പ് പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നുവെന്നും ഇവരുടെ അയൽവാസിയും പറഞ്ഞു.
മൂന്നുവർഷം മുമ്പ് പെൺകുട്ടി പതിവായി സഞ്ചരിച്ചിരുന്ന സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ് യുവതി നാലുമാസം മുന്പ് നൽകിയ പരാതിയിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.