കെ.കവിത കേരളത്തില്‍ വന്നത് ഒയാസിസ് കമ്പനിക്ക് വേണ്ടി ചര്‍ച്ച നടത്താന്‍: സതീശന്
Thursday, January 30, 2025 12:22 PM IST
മലപ്പുറം: എലപ്പുള്ളി ബ്രൂവറി അനുമതിയില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിത കേരളത്തില്‍ വന്നത് മദ്യ ഇടപാട് ഉറപ്പിക്കാനെന്ന് സതീശന് ആരോപിച്ചു.
കവിത കേരളത്തില്‍ വന്നപ്പോള്‍ എവിടെ താമസിച്ചുവെന്ന് അന്വേഷിക്കണം. ഒയാസിസ് കമ്പനിക്ക് വേണ്ടി ചര്‍ച്ച നടത്താനാണ് വന്നത്.
പദ്ധതിക്ക് പിന്നില്‍ ഏറെ ദുരൂഹമായ കാര്യങ്ങളുണ്ട്. എലപ്പുള്ളിയിലെ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മദ്യ നയം മാറും മുൻപ് അവർ എലപ്പുള്ളിയിൽ സ്ഥലം വാങ്ങിയത് ഇതിന് തെളിവാണ്. മദ്യനയം മാറും എന്ന് കമ്പനി എങ്ങനെ അറിഞ്ഞെന്ന് സതീശൻ ചോദിച്ചു.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം.ബി.രാജേഷും മാത്രം അറിഞ്ഞാണ്. കന്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രിയാണ്. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.