രണ്ടര വയസുകാരിയുടേത് കൊലപാതകമെന്ന് പോലീസ്; വീട്ടുകാരെ ചോദ്യം ചെയ്യുന്നു
Thursday, January 30, 2025 9:30 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരിയുടേത് കൊലപാതകമെന്ന് പോലീസ്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. കുഞ്ഞ് തന്റെ സഹോദരന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നതെന്നാണ് അമ്മയുടെ മൊഴി. ഇയാളുടെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞു.
ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്. ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.