വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും
Thursday, January 30, 2025 5:52 AM IST
തിരുവനന്തപുരം: മാതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പരാതി നൽകിയതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ നടപടിയുമായി പോലീസ്. ധനവച്ചപുരം സ്വദേശി സെലീനമ്മയുടെ(75) മൃതദേഹമാണ് പുറത്തെടുക്കാൻ നീക്കം തുടങ്ങിയത്.
അഞ്ചു പവന്റെ ആഭരണം വീട്ടിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മകൻ സംശയം പ്രകടിപ്പിച്ച് പാറശാല പോലീസിൽ പരാതി നൽകിയത്. റിട്ട് നഴ്സിംഗ് അസിസ്റ്റന്റായ സെലീനാമ്മയെ എട്ടു ദിവസം മുമ്പാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു സെലീനാമ്മ താമസിച്ചിരുന്നത്.
വീട്ടു ജോലിയിൽ സഹായിക്കുന്നതിനായി ഇടയ്ക്ക് എത്തുന്ന ആളാണ് സെലീനാമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര തഹസിൽദാർ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നൽകി.