നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണം; അപ്പീലുമായി ഭാര്യ ഹൈക്കോടതിയില്‍
Wednesday, January 29, 2025 12:16 PM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്.
പ്രത്യേകാനേഷ്വണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹർജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം. എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഡിഐജിക്കു സമർപ്പിക്കുകയും അന്തിമ അനുമതി തേടുകയും വേണമെന്നും വ്യക്തമാക്കിക്കൊണ്ടാണു ഹർജി തീർപ്പാക്കിയത്.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.