സദ്യയ്ക്ക് പപ്പടം നൽകിയില്ല; വിവാഹ വേദിയിൽ കൂട്ടത്തല്ല്
Tuesday, January 28, 2025 9:45 PM IST
കോട്ടയം: വിവാഹ സദ്യയ്ക്കിടെ പപ്പടം നൽകിയില്ലെന്ന് ആരോപിച്ച് കൂട്ടത്തല്ല്. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടതോടെയാണ് കല്യാണച്ചടങ്ങ് കൂട്ടത്തല്ലിന്റെ വേദിയായത്. കോട്ടയം നാട്ടകത്തായിരുന്നു സംഭവം.
ഹാളിൽ നിന്ന് വധൂവരന്മാർ മടങ്ങിയ ശേഷമായിരുന്നു കൈയാങ്കളി. ഭക്ഷണം കഴിക്കാൻ ഇരുന്ന സംഘത്തിലെ ഒരാള്‍ രണ്ടാമതും പപ്പടം ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്കു പരിക്കേറ്റു.
നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. രണ്ടുപേരെ പരിക്കുകളോടെ കോട്ടയത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.