ജീവൻ പണയംവച്ച് ഉല്ലാസം; കൊച്ചി കായലില്‍ ലൈഫ് ജാക്കറ്റില്ലാതെ ഉല്ലാസയാത്ര
സീമ മോഹന്‍ലാല്‍
Tuesday, January 28, 2025 9:31 PM IST
കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കൊച്ചി കായലില്‍ ഉല്ലാസ ബോട്ടുകളുടെ യാത്ര. അവധി ദിവസങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളെ കയറ്റിയും ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നുളള ചില ഉല്ലാസ ബോട്ടുകള്‍ സഞ്ചാരികളുമായി അപകടകരമായ യാത്ര നടത്തുന്നത്. അവധിക്കാലത്തെ അധിക വരുമാനമാണ് പല ബോട്ടുകാരും ലക്ഷ്യമിടുന്നത്.
നേരത്തെ താനൂര്‍ ബോട്ട് അപകടത്തില്‍ 22 ജീവനുകള്‍ പൊലിഞ്ഞതിന് പിന്നാലെ മറൈന്‍ ഡ്രൈവില്‍ അടക്കം സ്വകാര്യബോട്ട് ജെട്ടികളില്‍ തുടര്‍ച്ചയായി പോലീസ് പരിശോധന നടത്തുകയും അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു.
രജിസ്ട്രേഷന്, സര്‍വേ, സ്റ്റബിലിറ്റി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. ലൈസന്‍സുള്ള സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍ എന്നിവരെ മാത്രമേ ബോട്ടില്‍ ജോലിക്കു നിയോഗിക്കാവൂ. ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയ ജീവന് രക്ഷാ സംവിധാനങ്ങള്‍ നിലവാരമുള്ളതും പ്രവര്ത്തനക്ഷമവുമാണെന്നു കാണിക്കുന്ന ലൈഫ് സേവിങ് അപ്ലൈയന്‍സ് (എല്‍എസ്എ) സര്‍ട്ടിഫിക്കറ്റും അഗ്നിരക്ഷാ സംവിധാനത്തിന്റെ സര്‍ട്ടിഫിക്കറ്റും ബോട്ടുകളിലുണ്ടാകണമെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു.
ബോട്ട് ജീവനക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ പോലീസ് ഐഡി കാര്‍ഡുകളും വിതരണം ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രക്കാരെ ബോട്ടിന്റെ മുകള്‍ ഭാഗത്ത് നിര്‍ത്തിയുള്ള സായാഹ്ന ടൂറിസ്റ്റ് ബോട്ടു യാത്രകള്‍ ഇപ്പോഴും കൊച്ചി കായലില്‍ നടക്കുന്നുണ്ടെന്നതാണ് സത്യം.
നൂറിലധികം ഉല്ലാസ ബോട്ടുകളാണ് മറൈന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നത്. ഇതില്‍ 70 ഓളം ബോട്ടുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സുരക്ഷ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആവശ്യത്തിനു ലൈഫ് ജാക്കറ്റുകള്‍ ബോട്ടുകളില്‍ ഉണ്ടാകണമെന്നാണു വ്യവസ്ഥ. പക്ഷേ, അതുണ്ടാകാറില്ല. മിക്കപ്പോഴും യാത്രക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാറുമില്ല. പകരം ഈ ലൈഫ് ജാക്കറ്റുകള്‍ ബോട്ടില്‍ എവിടെയെങ്കിലും കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് പലതിലും കാണാന്‍ കഴിയുന്നത്.
ഭക്ഷണം കഴിക്കാനും ഡിജെ പാര്‍ട്ടികളില്‍ നൃത്തം ചെയ്യാനും ലൈഫ് ജാക്കറ്റുകള്‍ തടസമായതിനാല്‍ യാത്രക്കാര്‍ ഇത് ധരിക്കാന്‍ മടി കാണിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പക്ഷം.