ചെന്താമര മാട്ടായിയിൽ; പോലീസിന്റെ നേതൃത്വത്തിൽ പ്രദേശം അരിച്ചുപെറുക്കുന്നു
Tuesday, January 28, 2025 8:35 PM IST
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പോത്തുണ്ടി മാട്ടായിയിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ. ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ വനത്തോട് ചേർന്ന ജനവാസ പ്രദേശത്താണ് ഇയാൾ എത്തിയത്.
ഈ സ്ഥലത്ത് നിന്ന് ചെന്താമരയുടെ ചെറിയമ്മയുടെ വീട്ടിലേക്ക് ഒരു കിലോമീറ്റർ മാത്രമാണ് ദൂരമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഇവിടെ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടു. തുടർന്ന് ഇയാൾ ഓടിമറയുകയായിരുന്നു.
ഇതോടെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശം അരിച്ചുപെറുക്കുകയാണ്. നാട്ടുകാർ നൽകിയ സൂചന പ്രകാരം ഇവിടെ കണ്ടത് ചെന്താമരയാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. കാട് പിടിച്ച പ്രദേശമായതിനാൽ ഇവിടെ ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലങ്ങളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതിക്കായി രണ്ട് മണിക്കൂറോളം നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി ചെറിയമ്മയുടെ വീട് ലക്ഷ്യമാക്കി കാടുകയറി വന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം.