കൃത്യ നിർവഹണത്തിൽ വീഴ്ച; നെന്മാറ എസ്എച്ച്ഒയുടെ "തൊപ്പി'തെറിച്ചു
Tuesday, January 28, 2025 8:18 PM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എസ്എച്ച്ഓയ്ക്കെതിരെ നടപടി. എസ്എച്ച്ഓയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെന്‍ഡു ചെയ്തത്.
പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പോലീസ് ഈക്കാര്യം അറിഞ്ഞില്ല. ചെന്താമരയുടെ ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.
കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്ന് എസ്പി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എസ്പി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഓയെ സസ്പെൻഡു ചെയ്തത്.