വ്യാജമദ്യം തടയാൻ പുതിയ നീക്കവുമായി ബെവ്കോ
Tuesday, January 28, 2025 8:02 PM IST
തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ നീക്കവുമായി ബെവ്കോ. മദ്യക്കുപ്പികളിൽ പുതിയ ഹോളോഗ്രാം പതിക്കാനാണ് തീരുമാനം. കൃത്യമായ കണക്കുകൾ സൂക്ഷിക്കാനും അനധികൃത വില്പന തടയാനും ഇതുവഴി കഴിയും.
നിലവിൽ ബെവ്കോയിലൂടെ വിതരണം ചെയ്യുന്ന മദ്യക്കുപ്പികളിൽ ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടെങ്കിലും അവ ഫലപ്രദമല്ല. ഇത്തരം ഹോളോഗ്രാമുകളുടെ വ്യാജനും ഇറങ്ങുന്നുണ്ടെന്നതിനാലാണ് ഇനി മുതൽ പുതിയ ഹോളോഗ്രാം പതിക്കുന്നത്. ബെവ്കോയിലൂടെ വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ ഒന്നുമുതലാണ് പുതിയ ഹോളോ ഗ്രാം പതിക്കുക.
മദ്യവിതരണക്കാരെ സംബന്ധിച്ച കാര്യങ്ങളും വെയർ ഹൗസിന്റെ വിവരങ്ങളും എല്ലാം പുതിയ ഹോളോ ഗ്രാം സ്റ്റിക്കർ സ്കാൻ ചെയ്താൽ അറിയാൻ സാധിക്കും. കുപ്പിയുടെ അടപ്പിൽ പതിക്കുന്ന ഹോളോ ഗ്രാം പൊട്ടിച്ചാൽ മദ്യക്കുപ്പിയുടെ അടപ്പും തുറക്കുമെന്നതിനാൽ ഹോളോഗ്രാം മാറ്റി വ്യാജഹോളോഗ്രാം പതിപ്പിക്കാൻ സാധിക്കില്ല. കൂടാതെ പുതിയ ഹോളോഗ്രാം വഴി മദ്യവിതരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും കഴിയും.
മദ്യക്കുപ്പികള്‍ വെയർ ഹൗസിലെത്തിച്ച ശേഷമാണ് അടപ്പിന് മുകളിൽ ഹോളോഗ്രാം സ്റ്റിക്കർ പതിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വില്പന തടയുന്നതിനുമൊക്കയാണ് ബെവ്കോയുടെ മുദ്രപതിക്കുന്നത്.
മദ്യക്കമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുക. ഈ മെഷീൻ സ്ഥാപിണക്കമെങ്കിൽ മദ്യവില വർധിപ്പിക്കണമെന്ന് മദ്യ വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ തൊഴിലാളികളായിരുന്നു ഹോളോഗ്രാം പതിച്ചിരുന്നത്.