"കൈവിടരുത്'; പ്രതിപക്ഷ നേതാവുമായി പി.വി.അൻവർ ചർച്ച നടത്തി
Tuesday, January 28, 2025 7:13 PM IST
കൽപ്പറ്റ: മുൻ നിലമ്പൂർ എംഎൽഎ പി.വി.അൻവർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ചർച്ച നടത്തി. മാനന്തവാടിയിൽ വച്ച് നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു.
യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്നതിൽ ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും.
മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ ആരോപണം ഉന്നയിച്ച് എൽഡിഎഫിൽ നിന്ന് പുറത്തുവന്ന അൻവർ പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കത്തിലാണ്.