നെന്മാറ പോലീസ് സ്റ്റേഷനിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Tuesday, January 28, 2025 1:33 PM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പോലീസ് വീഴ്ചയ്ക്കെതിരേ നെന്മാറ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കൊല ചെയ്തത് ചെന്താമര ആണെങ്കില്‍ കൊലയ്ക്ക് അവസരമൊരിക്കിയത് നെന്മാറ സിഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ സ്റ്റേഷന് വളപ്പിലേക്ക് തള്ളിക്കയറി.
പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും ഇവരെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.