കലാ രാജുവിന്റെ മകനെതിരായ പരാതി വ്യാജമെന്ന് പോലീസ്; കേസ് എഴുതിത്തള്ളും
Tuesday, January 28, 2025 12:20 PM IST
കൂത്താട്ടുകുളം: സിപിഎം തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മകൻ ബാലുവിനെതിരായ സിഐടിയു നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്. കേസ് എഴുതിതള്ളാന്‍ കൂത്താട്ടുകുളം പോലീസ് തീരുമാനിച്ചു.
തങ്ങള്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരന്റെ അടക്കം മൊഴിയെടുത്ത ഘട്ടത്തിലാണ് പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടത്.
പരാതിക്കാരന്റെ മൊഴിയില്‍ കൃത്യതയില്ല. ബാലു അടക്കം കേസില്‍ പ്രതി ചേര്‍ത്തവര്‍ സംഭവസമയത്തുണ്ടെന്ന് സ്ഥിരീകരിക്കാനായില്ല. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കേസ് എഴുതിതള്ളുമെന്ന് കോടതിയെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കലയുടെ മകൻ ബാലു ഇയാളുടെ സുഹൃത്തുക്കളായ അഭിനവ് ഷാജി, എമിൽ റെജി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സിഐടിയു തൊഴിലാളിയായ പരാതിക്കാരനെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു സമീപത്തു വച്ച് കമ്പി വടികൊണ്ട് ആക്രമിച്ചു എന്നായിരുന്നു പരാതി. എന്നാൽ ആക്രമണം നടന്നു എന്നു പറയുന്ന സമയത്ത് താൻ എറണാകുളത്തായിരുന്നു എന്ന് ബാലു പ്രതികരിച്ചിരുന്നു.