കായംകുളത്തെ ദമ്പതികളുടെ മരണം; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് പോലീസ്
Monday, January 27, 2025 6:45 PM IST
ആലപ്പുഴ: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് പോലീസ് കണ്ടെത്തി. സുധനെ തൂങ്ങിമരിച്ച നിലയിലും സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്.
സുഷമയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തിൽ ഉപേക്ഷിച്ചശേഷം സുധൻ വീടിന് സമീപത്തെ പുളിമരത്തിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മദ്യപാനിയായ സുധൻ മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിൽ മൊഴി നൽകിയിരുന്നു.