നിധി കുഴിച്ചെടുക്കൽ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെ അറസ്റ്റിൽ
Monday, January 27, 2025 5:53 PM IST
കാസർഗോഡ്: നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ. കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരെയാണ് കുമ്പള പോലീസ് പിടികൂടിയത്.
നിധി ലഭിച്ചാൽ എല്ലാവർക്കും ചേർന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. കണ്ണൂരിൽ സമാനമായി കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കുഴിക്കൽ.
കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്താണ് ഇവർ കുഴിക്കാൻ തുടങ്ങിയത്. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നിധി കുഴിച്ചെടുക്കാനാണ് തങ്ങൾ എത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസം മുൻപും ഇവർ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നു.