നെൻമാറ ഇരട്ടക്കൊലപാതകം; പ്രതിയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും വാളും കണ്ടെത്തി
Monday, January 27, 2025 5:41 PM IST
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊടുവാളും കണ്ടെത്തി. പിടിച്ചെടുത്ത കൊടുവാൾ പ്രതി കൊലയ്ക്ക് ഉപയോഗിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഫോൺ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന നടത്തുകയാണ്.
ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് വിഷ കുപ്പി. വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടോ എന്ന് അറിയാനാണ് ഡ്രോൺ പരിശോധന.
പ്രതി തമിഴ്നാട്ടിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. തിരുപ്പൂരിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ചെന്താമരയുടെ സഹോദരനുമായി പോലീസ് തിരുപ്പൂരിലേക്ക് തിരിച്ചു.