ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് ബിനോയ് വിശ്വം
Monday, January 27, 2025 5:05 PM IST
തിരുവനന്തപുരം: ബ്രൂവറിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം. വികസനത്തിന് എതിരല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കുടിവെള്ളത്തെ മറന്നു, പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ല. ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്. വലതുപക്ഷ വികസന രീതിയല്ല എൽഡിഎഫിന്റേത്. എല്ലാവികസന കാര്യങ്ങൾ വരുമ്പോഴും ജനങ്ങൾ നോക്കുന്നത് അത് അവരെ എങ്ങനെ ബാധിക്കുമെന്നാണ്.
നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിച്ച് അഭിപ്രായങ്ങൾ പറയും. പാർട്ടിയിൽ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.