പ്രതിപക്ഷ ആവശ്യം തള്ളി; വഖഫ് ബില്ലിന് ജെപിസി അംഗീകാരം
Monday, January 27, 2025 3:35 PM IST
ന്യൂഡൽഹി: വഖഫ് ബില്ലിന് ജെപിസി അംഗീകാരം. 14 ഭേദഗതികളോട് കൂടിയ വഖഫ് ബില്ലിനാണ് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകാരം നൽകിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളിയാണ് ബില്ലിന് അംഗീകാരം നൽകിയത്.
പത്ത് എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും സമിതിക്ക് നേതൃത്വം നൽകുന്ന ബിജെപി അംഗം ജഗദംബിക പാല് പറഞ്ഞു. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്.
വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ തന്നെ വഖഫ് ബിൽ സഭയുടെ മേശപ്പുറത്തുവയ്ക്കാനാണ് സർക്കാർ നീക്കം.