രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി. വിജയൻകുട്ടിക്ക് മരണാനന്തര ശൗര്യചക്ര
Saturday, January 25, 2025 8:34 PM IST
ന്യൂഡൽഹി: 76-ാമത് റിപബ്ലിക് ദിത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. വ്യോമസേനയിൽനിന്ന് രണ്ട് മലയാളികൾ പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.
സതേൺ എയർ കമാന്റ് മേധാവി എയർ മാർഷൽ ബി. മണികണ്ഠൻ, അന്റമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണൻ എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അർഹരായ മലയാളികൾ. കരസേനയിൽ നിന്ന് ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.
മേജർ മഞ്ജിത്തിന് കീർത്തിചക്രയും, നായിക് ദിൽ വാർ ഖാന് മരണാനന്തര കീർത്തിചക്രയും ലഭിച്ചു.
മരണാനന്തര ബഹുമതിയായി മലയാളിക്ക് ശൗര്യ ചക്ര ലഭിച്ചു. ബോർഡർ റോഡ് ഓർഗൈനേഷനിലെ വിജയൻകുട്ടിക്കാണ് ശൗര്യ ചക്ര ലഭിച്ചത്. ശാസ്താംകോട്ട സ്വദേശിയായ വിജയൻകുട്ടി കാഷ്മീരിലുണ്ടായ അപകടത്തിലാണ് വീരമൃത്യു വരിച്ചത്.
കരസേനയിലെ ലഫ്. ജനറൽ സാധനാ നായർക്ക് അതി വിശിഷ്ട സേവാ മെഡലും ഫ്ലൈറ്റ് ലഫ്. തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേനാ മെഡലും ലഭിച്ചു.
ജീവൻ രക്ഷാ പതക് പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ.എം. മനേഷിന് മരണാനന്തരമായി സർവോത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. എറണാകുളം പാഴൂരിൽ ബലി തര്‍പ്പണത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച മനേഷ് പിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ദിയ കുമാരി, മുഹമ്മദ് ഹാഷിര്‍ എന്‍.കെ. എന്നീ മലയാളികളും ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അര്‍ഹരായി.