രാജ്യം വികസനക്കുതിപ്പിൽ; സമഗ്രമായ വളർച്ച പുരോഗതിക്ക് അടിസ്ഥാനം: രാഷ്ട്രപതി
Saturday, January 25, 2025 7:27 PM IST
ന്യൂഡൽഹി: 76-ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധനചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടന രാജ്യ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
ഈ വേളയിൽ ധീര സ്വാതന്ത്ര്യ സമര സേനാനികളെ ആദരവോടെ ഓർക്കുന്നു. ഗാന്ധിജിയെയും ടാഗോറിനെയും രാഷ്ട്രപതി അനുസ്മരിച്ചു.
രാജ്യം വികസനക്കുതിപ്പിലാണ്. രാജ്യം ദാരിദ്ര്യ മുക്തമാകുന്നു. സമഗ്രമായ വളർച്ചയാണ് പുരോഗതിക്ക് അടിസ്ഥാനം. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയിലൂന്നി മുന്നോട്ട് പോകണമെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും വ്യക്തമാക്കി.
സന്ദേശത്തിൽ കേന്ദ്ര പദ്ധതികളെയും രാഷ്ട്രപതി പരാമർശിച്ചു. പൊതുജന ക്ഷേമത്തിന് പുതിയ നിർവചനം നൽകുന്ന പദ്ധതികൾ ഉണ്ടായി. അടിസ്ഥാന ആവശ്യങ്ങൾ അവകാശങ്ങളാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യം അത്യാധുനിക ഗവേഷണത്തിൽ ഇടപെടൽ വർധിപ്പിക്കുന്നു. സാംസ്കാരിക മേഖലയിൽ രാജ്യത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കുന്നു. പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നു. പ്രാദേശിക ഭാഷകൾക്ക് പ്രോത്സാഹനം ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.