കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ സമരപ്പന്തൽ പൊളിച്ചു നീക്കണം; രജിസ്ട്രാർ ഡിജിപിക്ക് കത്ത് നല്കി
Saturday, January 25, 2025 4:21 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നല്കി. പന്തൽ പൊളിക്കാൻ ജീവനക്കാരോടാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും സംഘർഷം ഭയന്ന് വിസമ്മതിച്ച സാഹചര്യത്തിലാണ് ഡിജിപിക്ക് കത്ത് നല്‍കിയത്.
ചട്ടങ്ങൾ ലംഘിച്ച് ക്യാമ്പസിനകത്ത് പന്തൽ കെട്ടിയത് അംഗീകരിക്കാന്‍ കഴിയില്ല. ജീവനക്കാരുടെ ജോലിയെ ഇത് തടസപ്പെടുത്തുന്നുവെന്നും ചൂണ്ടികാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്. സർവകലാശാല തെരഞ്ഞെടുപ്പ് നടന്ന നാല് മാസം കഴിഞ്ഞിട്ടും യൂണിയൻ ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ വൈസ് ചാൻസലർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ഇക്കാരണം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് എസ്എഫ്ഐ അനിശ്ചിത കാല സമരം ആരംഭിച്ചത്. പന്തൽ പൊളിക്കാൻ പോലീസ് എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്.