മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളി
Saturday, January 25, 2025 10:10 AM IST
വാഷിംഗ്ടൺ ഡിസി: മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീംകോടതിയുടേതാണ് ഉത്തരവ്.
കീഴ്ക്കോടതിയില്‍നിന്ന് പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്ന് റാണ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ അപേക്ഷ കോടതി തള്ളി. ഇതോടെ ഇന്ത്യയിലെ വിചാരണയ്ക്കായി റാണയെ കൈമാറും.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.
റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.