പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്ര അനുവദിക്കരുത്; പോലീസിന് ഡിജിപിയുടെ നിർദേശം
Saturday, January 25, 2025 8:43 AM IST
തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ പോലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.
ഘോഷയാത്രകൾ റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂർണമായി തടസപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും നിർദേശത്തിൽ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ വഴി തടസപ്പെടുത്തി വേദി കെട്ടുന്നതിനെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയതിനെ നേരത്തേ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.