രഞ്ജി ട്രോഫി: തകര്‍ന്നടിഞ്ഞ് മധ്യപ്രദേശ്; കേരളം ശക്തമായ നിലയിൽ
Thursday, January 23, 2025 5:58 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശ് 160 റൺസിന് ഓൾ ഔട്ടായി.
അഞ്ച് വിക്കറ്റെടുത്ത എം.ഡി.നിധീഷാണ് മധ്യപ്രദേശിനെ തകർത്തത്. ആദിത്യ സര്‍വാതെയും എന്‍.പി.ബേസിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ 25 റണ്‍സുമായി രോഹന് കുന്നുമ്മലും 22 റണ്‍സോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍. പത്തു വിക്കറ്റ് കൈയിലിരിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡെടുക്കാന്‍ കേരളത്തിന് ഇനിയും 107 റണ്‍സ് കൂടി മതി.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയിന്റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.