സർക്കാരിന് പിപിഇ കിറ്റ് കിട്ടിയേ തീരുമായിരുന്നുള്ളു; ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി
Thursday, January 23, 2025 5:55 PM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് പിപിഇ കിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കോവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വെച്ച് വിലയിരുത്തിയാൽ ശരിയാകില്ല. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തത്. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ട്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
സർക്കാരിന് പിപിഇ കിറ്റ് കിട്ടിയേ തീരുമായിരുന്നുള്ളു. കരാറിലേർപ്പെട്ട സ്ഥാപനം സമയത്ത് കിറ്റ് നൽകിയില്ല. പിന്നെയാണ് കൂടുതൽ വിലക്ക് കിറ്റ് വാങ്ങാൻ കരാറായത്. പിന്നീട് തദ്ദേശീയമായ ഒരു സ്ഥാപനം വന്നപ്പോൾ കൂടുതൽ വിലക്ക് നൽകിയ കരാറിൽ ഒരു ഭാഗം അവർക്ക് കുറഞ്ഞ വിലക്ക് മാറ്റി നൽകിയിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.