വെടിക്കെട്ടുമായി തഹ്ലിയയും ഗ്രേസും; ഓസീസിനെതിരേ ഇംഗ്ലണ്ടിന് ജയിക്കാൻ 186
Thursday, January 23, 2025 3:49 PM IST
കാൻബറ: വനിതാ ആഷസിലെ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 186 റൺസ്. കാൻബറയിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.
ഓപ്പണർ ബേത് മൂണി (44), ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് (പുറത്താകാതെ 48), ഗ്രേസ് ഹാരിസ് (പുറത്താകാതെ 35), അന്നബെൽ സതർലൻഡ് (18), ഫോബെ ലിച്ച്ഫീൽഡ് (17) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം, ഓപ്പണർ ജോർജിയ വോൾ (അഞ്ച്), എല്ലിസ് പെറി (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.
അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗാണ് തഹ്ലിയയും ഗ്രേസും കാഴ്ചവച്ചത്. 35 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടുന്നതാണ് തഹ്ലിയയുടെ ഇന്നിംഗ്സ്. അതേസമയം, 17 പന്തിൽ മൂന്നു സിക്സറും രണ്ടു ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ഗ്രേസിന്റെ ഇന്നിംഗ്സ്.
ഇംഗ്ലണ്ടിനു വേണ്ടി ഷാർലി ഡീൻ രണ്ടുവിക്കറ്റും ഫ്രേയ കെംപ്, സോഫി എക്ളസ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്നുമത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിനായിരുന്നു ജയം. ഇന്നും ജയിക്കാനായാൽ അവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ, ഏകദിന പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.