നെയ്യാറിൽ ദമ്പതികൾ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്
Thursday, January 23, 2025 3:32 PM IST
തിരുവനന്തപുരം: നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകന്റെ മരണത്തിൽ മനംനൊന്താണ് നെയ്യാറിൽ ചാടി ദമ്പതികൾ ജീവനൊടുക്കിയതെന്നാണ് വിവരം.
തിരുവനന്തപുരം മുട്ടട സ്വദേശി സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് മരിച്ചത്. മകന്റെ സ്കൂൾ ബെൽറ്റ് അരയിൽ കെട്ടിയ നിലയിലായിരുന്നു സ്നേഹദേവിന്റെ മൃതദേഹം. മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല.
ഇതിന് ശേഷം ജീവിതം ദുരിത പൂർണ്ണമാണ്. ഇനിയും ജീവിക്കാൻ കഴിയുന്നില്ല. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
ബുധനാഴ്ച വൈകിട്ടോടെ ഇവര്‍ പുഴയില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്. ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്.
ശ്രീദേവിന്റെ മരണം നൽകിയ വേദനയിൽ നിന്നും കരകയറാനാകാതെ ജീവിക്കുകയായിരുന്നു ദമ്പതികൾ.