"ഹൂതികൾ ഇനി ഭീകരസംഘടന': വീണ്ടും പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം
Thursday, January 23, 2025 3:24 PM IST
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉൾപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഇക്കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണം.
പശ്ചിമേഷ്യയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കും ചെങ്കടൽ വഴിയുള്ള വ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്.
2020 ല്‍ ഹൂതി വിമതരെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം, പിന്നാലെയെത്തിയ ജോ ബൈഡന് റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് ട്രംപ് പിന്‍വലിച്ചത്. മനുഷ്യാവകാശ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണ് ബൈഡൻ ഇവരെ ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.