കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ; നാല് പ്രതികൾക്ക് ജാമ്യം
Thursday, January 23, 2025 2:49 PM IST
കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്.
സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം കലാ രാജു പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമെന്ന് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ പോലീസിനോട് അക്കാര്യം പറഞ്ഞില്ല. സംഭവ ദിവസം കലാ രാജു പൂർണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോൾ അനാരോഗ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നുമാണ് വിമർശനം ഉയർന്നു.
ഒരു പരിചയവും ഇല്ലാത്ത കലാ രാജുവിനെ മൂവാറ്റുപുഴ എംഎൽഎ ആശുപത്രിയിൽ നിന്ന് സ്വന്തം കാറിൽ തട്ടിക്കൊണ്ട് പോയെന്നും ഇന്ദിരാഗാന്ധി ആശുപത്രിയിൽ കലാ രാജുവിനെ ശുശ്രൂഷിക്കുന്നത് കുഴൽനാടന്റെ ക്രിമിനലുകളാണെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു.