ചേട്ടന്മാർക്കു പിന്നാലെ നിരാശപ്പെടുത്തി ഗില്ലും; പഞ്ചാബ് 55നു പുറത്ത്
Thursday, January 23, 2025 2:28 PM IST
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്കും യശസ്വി ജയ്സ്വാളിനും ഋഷഭ് പന്തിനും പിന്നാലെ നിരാശപ്പെടുത്തി ശുഭ്മാന്‍ ഗില്ലും. കര്‍ണാടകയ്ക്കെതിരേ പഞ്ചാബിനായി ഓപ്പണറായി ഇറങ്ങിയ ഗിൽ എട്ടു പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായി. അഭിലാഷ് ഷെട്ടിയുടെ പന്തില്‍ കൃഷ്ണന് ശ്രീജിത്ത് പിടിച്ചു പുറത്താക്കുകയായിരുന്നു.
അതേസമയം, നായകനായ ഗിൽ അടക്കമുള്ള ബാറ്റർമാർ നിറംമങ്ങിയതോടെ പഞ്ചാബ് ആദ്യ ഇന്നിംഗ്സിൽ വെറും 55 റൺസിനു പുറത്തായി. 16 റൺസെടുത്ത രമൺദീപ് സിംഗിനും 12 റൺസെടുത്ത മായങ്ക് മാർക്കണ്ഡെയ്ക്കും മാത്രമാണ് രണ്ടക്കമെങ്കിലും കടക്കാനായത്.
പ്രഭ്സിമ്രാന് സിംഗ് (ആറ്), പുഖ്രാജ് മന് (ഒന്ന്), അന്മോല്പ്രീത് സിംഗ് (പൂജ്യം), സന്‍വീര്‍ സിംഗ് (ഒന്ന്), സപഖ്ദീപ് ബജ്വ (പൂജ്യം), ആരാധ്യ ശുക്ല (പൂജ്യം), ജസ് ഇന്ദർ (നാല്) എന്നിവര്‍ നിരാശപ്പെടുത്തി.
കര്‍ണാടകയ്ക്കായി വി. കൗശിക് 16 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ അഭിലാഷ് ഷെട്ടി മൂന്നും എം. പ്രസിദ്ധ് രണ്ട് വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്. 20 റൺസുമായി ദേവ്ദത്ത് പടിക്കലും 17 റൺസുമായി ആർ. സ്മരണുമാണ് ക്രീസിൽ. ഓപ്പണർമാരായ കെ.വി. അനീഷ് (33), മായങ്ക് അഗർവാൾ (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.