രഞ്ജി ട്രോഫി: കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച, ആറുവിക്കറ്റ് നഷ്ടം
Thursday, January 23, 2025 1:09 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലാണ്.
42 റണ്‍സുമായി നായകൻ ശുഭം ശർമയും 10 റൺസുമായി കുമാർ കാർത്തികേയ സിംഗുമാണ് ക്രീസിൽ. ഹർഷ് ഗാവ്ലി (ഏഴ്), ഹിമാന്‍ഷു മന്ത്രി (15), രജത് പാട്ടീദാർ (പൂജ്യം), ഹർപ്രീത് സിംഗ് ഭാട്യ (അഞ്ച്), ആര്യൻ പാണ്ഡെ (പൂജ്യം), സാരാൻഷ് ജെയ്ൻ (എട്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അതേസമയം, രണ്ടുറൺസെടുത്ത വെങ്കടേഷ് അയ്യർ റിട്ടയേഡ് ഹർട്ടായി മടങ്ങി.
കേരളത്തിനു വേണ്ടി 26 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ എം.ഡി. നിതീഷാണ് മധ്യപ്രദേശിനെ തകർത്തത്. ജലജ് സക്സേനയും ആദിത്യ സർവാതെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പമായതിനാല്‍ സച്ചിന് ബേബിയാണ് കേരളത്തെ നയിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.