ഒരു മാറ്റവുമില്ല! രഞ്ജിയിലും നിരാശപ്പെടുത്തി രോഹിത്, മൂന്നിന് പുറത്ത്
Thursday, January 23, 2025 12:35 PM IST
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലൂടെ ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ശ്രമത്തിനു തിരിച്ചടി. മുംബൈ കുപ്പായത്തിൽ ജമ്മു കാഷ്മീരിനെതിരേ ഓപ്പണറായി കളത്തിലിറങ്ങിയ ഹിറ്റ്മാൻ 19 പന്തിൽ മൂന്നു റണ്‍സുമായി മടങ്ങി. ഉമര്‍ നസീറിന്റെ പന്തില്‍ പി.കെ. ദോഗ്രക്ക് പിടികൊടുത്താണ് രോഹിതിന്റെ മടക്കം.
താരത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാളിനും നിരാശയായിരുന്നു ഫലം. എട്ട് പന്തില്‍ നാലു റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അക്വിബ് നഖ്വിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും രഞ്ജി കളിക്കാനിറങ്ങിയത്. 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഒരു രഞ്ജി മത്സരം കളിക്കാനിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, ജമ്മു കാഷ്മീരിനെതിരേ മുംബൈ കൂട്ടത്തകർച്ചയെ നേരിടുകയാണ്. ആദ്യദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലാണ് മുംബൈ. 41 റൺസുമായി ശാർദുൽ താക്കൂറും 26 റൺസുമായി തനുഷ് കോട്യാനുമാണ് ക്രീസിൽ.
രോഹിതിനും ജയ്സ്വാളിനും പുറമേ, ഹർദിക് തമോറെ (ഏഴ്), നായകൻ അജിന്‍ക്യ രഹാനെ (12), ശ്രേയസ് അയ്യർ (11), ശിവം ദുബെ (പൂജ്യം), ഷംസ് മുലാനി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ജമ്മു കാഷ്മീരിനു വേണ്ടി ഉമർ നസീർ 41 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ യുധ്വിർ സിംഗ് രണ്ടും അക്വിബ് നബി ഒരു വിക്കറ്റും വീഴ്ത്തി.