കിണറിൽ വീണ ആനയെ വിദഗ്ധസംഘം പരിശോധിക്കും; കരയ്ക്കെത്തിച്ച് മയക്കുവെടി വയ്ക്കുമെന്ന് ഡിഎഫ്ഒ
Thursday, January 23, 2025 11:55 AM IST
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്കെത്തിച്ച ശേഷം മയക്കുവെടി വയ്ക്കുമെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. കാർത്തിക്. ഇതു സംബന്ധിച്ച് ചീഫ് എലഫന്റ് വാർഡന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ നിന്ന് വിദഗ്ധസംഘം എത്തി ആനയെ പരിശോധിക്കും. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കൂ. എന്നാൽ, ആനയെ മയക്കുവെടി വയ്ക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. കിണറിന്റെ വശങ്ങൾ ഇടിച്ച് കരയ്ക്കെത്തിച്ച ശേഷം ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. ഇതുമായി ബന്ധപ്പെട്ട് വനംമന്ത്രിയുടെ നിർദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഇന്നു പുലർച്ചെയാണ് ഊർങ്ങാട്ടിരിയിലെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാന വീണത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. തുടർന്ന് വനംവകുപ്പും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.