വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി
Thursday, January 23, 2025 11:43 AM IST
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് കൃഷിഭൂമി നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പ് നിർമിക്കാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയിൽ ഒരു നിലകൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകൾ നിർമിക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചു. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2,221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. പുനരാധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നൽകും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാൽ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പുനരധിവസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകിയില്ല. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്പോൺസർമാറും പിൻവാങ്ങുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.