നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി; പ്രതിഭാഗത്തിന്റെ വാദം ഇന്ന് ആരംഭിക്കും
Thursday, January 23, 2025 11:10 AM IST
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. കേസിലെ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും.
പ്രതിഭാഗത്തിന്റെ വാദം കൂടി പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല.
കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം കോടതി കേട്ടത്.
കേസില്‍ നടന് ദിലീപും പൾസർ സുനിയും ഉൾപ്പെടെ ഒൻപത് പ്രതികളുണ്ട്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വച്ച് നടി ലൈംഗീകാതിക്രമത്തിന് ഇരയായത്.