തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്ക് നേരെ കാട്ടാനയാക്രമണം; ഏഴ് പേർക്ക് പരിക്ക്
Thursday, January 23, 2025 2:00 AM IST
ദിസ്പുർ: ആസാമിലെ ദിബ്രുഗഢ് ജില്ലയിലെ നഹർകതിയ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു.
ടിപാം ടീ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രശ്മി ഗോവാല, മമോനി ഗോവാല, ശിൽപി ഭുയാൻ, ജയ ബാവ്രി, സൊനാലി ഗോവാല, രൂപാലി ഹസ്ദ, ബോബിത ഭൂയാൻ എന്നിവർക്കാണ് പരിക്കേറ്റത്.
നാല് സ്ത്രീകൾക്ക് കാര്യമായ പരിക്കുകളും ബാക്കി മൂന്ന് പേർക്ക് നിസാര പരിക്കുമേറ്റു. ഇവരെ നഹർകതിയ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. "ഞങ്ങൾ 17 പേർ റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ആന പുറകിൽ നിന്ന് ഞങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ഞങ്ങളിൽ ഏഴ് പേർക്ക് പരിക്കേറ്റു'. പരിക്കേറ്റവരിൽ ഒരാൾ പറഞ്ഞു.