കലാ രാജുവിനെ കടത്തിക്കൊണ്ടുപോയ സംഭവം; കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു
Wednesday, January 22, 2025 4:22 PM IST
കൂത്താട്ടുകുളം: സിപിഎം കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടെ കലാ രാജുവിനെ സിപിഎം പ്രവർത്തകർ കടത്തി കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു.
സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. നേരെത്തെ നഗരസഭ സെക്രട്ടറിയിൽ നിന്നുൾപ്പെടെ പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
അതിനിടെ, കൂത്താട്ടുകുളത്ത് കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് സാധൂകരിക്കാൻ കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് സിപിഎം. കലാ രാജു കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി സിപിഎം പ്രചരിപ്പിക്കുന്നത്.
കൂത്താട്ടുകുളത്ത് കടത്തിക്കൊണ്ടുപോകൽ നാടകം നടന്ന ദിവസം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കാലു മാറാൻ യുഡിഎഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ആരോപണം.
ഓഫീസിലിരുത്തി അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടയാണ് സാമ്പത്തിക പ്രതിസന്ധി അന്വേഷിക്കാമെന്ന് മാത്രമാണ് യുഡിഎഫ് പറഞ്ഞതെന്ന് കലാരാജുവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നേരത്തെ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്നും അതുകൊണ്ടാണ് യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും സംഭാഷണത്തിലുണ്ട്.