ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുമായി ഇന്നു തെളിവെടുപ്പ് നടത്തും
Wednesday, January 22, 2025 12:15 PM IST
കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വന്‍ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. നിലവില്‍ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.
പേരേപ്പാടത്ത് കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയാല്‍ പ്രതിക്കെതിരെ വന്‍ ജനരോഷമുണ്ടായേക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ചൊവ്വാഴ്ച പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നായിരുന്നു വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതലേ കൊലപാതകം നടന്ന വീടിന് സമീപത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. ഇതോടെ നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. എന്നാല്‍ ജനരോഷം കണക്കിലെടുത്ത് ചൊവ്വാഴ്ച തെളിവെടുപ്പ് നടപടികള്‍ ഒഴിവാക്കി.
പ്രതിയെ റിമാന്‍ഡ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കൈയേറ്റശ്രമം നടന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കരുതലോടെ നീങ്ങാനുള്ള പോലീസിന്റെ ശ്രമം. 24 വരെയാണ് ഋതുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കഴിഞ്ഞ 16ന് ആണ് പേരേപ്പാടത്ത് കാട്ടിപറമ്പില്‍ വേണു (65), ഭാര്യ ഉഷ (58), മകള്‍ വിനീഷ (32) എന്നിവരെ വീട്ടില്‍ക്കയറി അയല്‍വാസിയായ ഋതു ജയന് തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്.
അക്രമണത്തില്‍ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന്റെ നില ഗുരുതരമായി തുടരുകയാണ്.