ചരിത്രംകുറിച്ച് സ്വർണം; 60,000 കടന്ന് കുതിപ്പ്; സര്‍വകാല റിക്കാര്‍ഡില്‍
Wednesday, January 22, 2025 10:37 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവൻ വില ആദ്യമായി 60,000 കടന്നു.
പവന് ഒറ്റയടിക്ക് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന് 60,200 രൂപയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,205 രൂപയും 24 കാരറ്റ് സ്വർണം പവന് 65,672 രൂപയാണ് വില.
തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച സ്വർണവില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിനു പിന്നാലെയാണ് റിക്കാർഡ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയുടെ റിക്കാർഡാണ് ഇന്ന് മറികടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.